പോത്തൻകോട് :ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള പ്രവേശന കവാടമാണ് ശാന്തിഗിരി ആശ്രമമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൂജിത പീഠം സമർപ്പണാഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് നടന്ന ആശംസ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വ്യക്തിയുടെ ജീവിതം ഏതുവിധേനയാണ് ഒരു സമൂഹത്തിന്റെ ഭാഗമായി മാറേണ്ടതെന്ന് പഠിപ്പിക്കുന്ന ഇടമാണിത്. ഇവിടെ വന്നപ്പോഴും ആഹാരം കഴിച്ചപ്പോഴുമുണ്ടായ വ്യക്തിപരമായ അനുഭവം പറഞ്ഞറിയിക്കാനാവാത്തതാണെന്നും വരുകാലത്ത് ലോകത്തിന് സന്തോഷവും സമാധാനവും സാഹോദര്യവും ആത്മീയ നിർവൃതിയും പകരുന്ന ആത്മീയ ചൈതന്യ കേന്ദ്രമായി ശാന്തിഗിരി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രമോദ് നാരായൺ എം. എൽ.എ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരിയിലെ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ ‘ശാന്തി’ എന്ന മന്ത്രത്തിന്റെ ധ്വനികൾ ഉള്ളിൽ നിറയ്ക്കപ്പെടുമെന്നും കൂടുതൽ നല്ല മനുഷ്യനാകാനുള്ള വെളിച്ചം ലഭിക്കുമെന്നും അദ്ധേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാമി ജ്ഞാനദത്തൻ ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഷോഫി.കെ, സബീർ തിരുമല, ഡോ.റ്റി.എസ്. സോമനാഥൻ, ബോബൻ. എം. ആർ, സജിത് വിജയരാഘവൻ എന്നിവർ സംബന്ധിച്ചു.