തിരുവനന്തപുരം: ഉചിതമല്ലാത്തതും ഭാഷാവിരുദ്ധവും സംസ്കാര വിരുദ്ധവുമായ മാറ്റങ്ങളാണ് പ്രസാര്‍ ഭാരതി വരുത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ തെറ്റുകള്‍ തിരുത്തിക്കാന്‍ സംസ്ഥാന സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. അനന്തപുരി എഫ്.എം നിർത്തലാക്കി, അനന്തപുരി- വിവിധ് ഭാരതി മലയാളം എന്ന പേരിലാക്കി മാറ്റുകയും ഹിന്ദി പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വൈവിദ്ധ്യങ്ങൾക്കപ്പുറം ഏകരൂപവും കേന്ദ്രീകൃതവുമായ പരിപാടികളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്ന പദ്ധതികൾക്കനുസരിച്ച് പ്രസാർ ഭാരതി നടപ്പാക്കുന്ന തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനും അനന്തപുരി എഫ്.എം പരിപാടികൾ നിലനിർത്തുന്നതിനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വി.കെ.പ്രശാന്ത് സബ്മിഷനില്‍ ആവശ്യപ്പെട്ടു.