തിരുവനന്തപുരം : രാത്രികാലജീവിതത്തിനു സൗകര്യമൊരുക്കി മ്യൂസിയത്ത് തെരുവുകച്ചവടകേന്ദ്രം ഒരുങ്ങുന്നു. മ്യൂസിയത്തിനുസമീപം ആർ.കെ.വി. റോഡിലാണ് പുനരധിവാസകേന്ദ്രം ഒരുങ്ങുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ പണി നടക്കുന്നത്.മ്യൂസിയം ആർ.കെ.വി. റോഡിൽ 48 കടക്കാരെ പുനരധിവസിപ്പിക്കാൻ സൗകര്യമുള്ള ഷെഡ്ഡാണ് നിർമിക്കുന്നത്. ഇതിൽ 30ഓളം കടകൾ തെരുവുഭക്ഷണശാലകളാണ്. നിലവിലുണ്ടായിരുന്ന തെരുവുകച്ചടവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. വെള്ളം, വൈദ്യുതി, പാചകവാതകം, മലിനജലം ഒഴുകിപ്പോകാനുള്ള പൈപ്പുകൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ബാക്കി കടകൾ മ്യൂസിയത്തിന് സമീപം മറ്റു കച്ചവടങ്ങൾ നടത്തിയിരുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ്. ഈ ഷെഡ്ഡിന്റെ പണി അവസാനഘട്ടത്തിലാണ്.ഭക്ഷണശാലകളിലെ കച്ചവടക്കാർക്ക് പരിശീലനം നൽകിയാവും പുനരധിവസിപ്പിക്കുക. ഇവർക്ക് തിരിച്ചറിയൽ കാർഡും നൽകും. ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്മാർട്ട് സിറ്റി അധികൃതർ പറഞ്ഞു