ബാലരാമപുരം: എം.വിൻസന്റ് എംഎൽഎ 14.5 ലക്ഷം രൂപ വിനിയോഗിച്ച് ബാലരാമപുരം ജംക്‌ഷനിൽ 15 മീറ്റർ നീളത്തിൽ നിർമിച്ച ഹൈടെക് ബസ് ഷെൽറ്റർ ഒരുങ്ങി. ബസ് ഷെൽറ്ററിനുള്ളിൽ ഇരിപ്പിടം നിർമിക്കുന്നതിന് ജില്ല കലക്ടറുടെ അനുമതി ഇല്ലാത്തതിനാൽ ‘മഴയും വെയിലും കൊള്ളാതെ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.ഇതിനോട് ചേർന്ന് ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്തിടെ നടന്നു. കോൺഗ്രസും സിപിഎമ്മും തമ്മിൽ നടന്ന ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്കും സംഘർഷാവസ്ഥയ്ക്കുമൊടുവിലാണ് രണ്ട് ബസ് ഷെൽറ്ററുകൾ ബാലരാമപുരത്ത് ഒരുങ്ങിയിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബാലരാമപുരം ജംക്‌ഷനിൽ തോളോടുതോൾ ചേർന്ന് രണ്ട് ബസ് ഷെൽറ്ററുകൾ വന്നത് ആശ്വാസമായെങ്കിലും രണ്ടിലും ഇരിപ്പിടം ഇല്ലാത്തത് പോരായ്മയായി.