തിരുവനന്തപുരം: ആറുവർഷം മുമ്പ് ബി.ഡി.എസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്‌ക്ക് യുവാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തു. ഉദിയൻകുളങ്ങര ദീപക് ഭവനിൽ വാടകയ്‌ക്ക് താമസിക്കുന്ന ശരത് ചക്രവർത്തിയാണ് (30) പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ശരത്തിന് മറ്റ് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടി ഇത് ചോദ്യംചെയ്‌തു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്ന ശരത് ഇവ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് 2016 മേയ് 29നാണ് പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ചത്. നെയ്യാറ്റിൻകര പൊലീസ് ആദ്യം അന്വേഷിച്ച കേസ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരവുമായി രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌ത ശരത്തിനെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്‌തു