നെയ്യാറ്റിന്‍കര: കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിര്‍മ്മാണത്തിന് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഹിയറിംഗ് ആരംഭിച്ചു . റവന്യൂ മന്ത്രി കെ രാജന് ആക്ഷന്‍ കൗണ്‍സില്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബൈപ്പാസ് നിര്‍മ്മാണത്തിന് വേണ്ടി കോട്ടുകാല്‍, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കല്‍, കാരോട് വില്ലേജുകളില്‍ നിന്ന് 2013-ല്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ ജില്ലാ പര്‍ച്ചേഴ്സ് കമ്മിറ്റി നിശ്ചയിച്ച വിലയില്‍ നിന്നും കുറവു വരുത്തി വില നല്‍കുകയാണ് ഉണ്ടായത്. ഇതു പരിഹരിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടര്‍ക്കു നല്കിയ പരാതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കാലതാമസമുണ്ടായി. പരാതിയില്‍ ആര്ബിട്രേഷന് നടപടികള്‍ നീണ്ടുപോകുന്നതു പരിഹരിക്കാനാണ് റവന്യൂ മന്ത്രി കെ രാജന് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്ബിട്രേഷന് നടപടികള്‍ പുനരാരംഭിക്കാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ ഗൂഗിള്‍ മീറ്റിംഗ് വഴി യോഗം ചേര്‍ന്നു. യോഗത്തില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ കെ ആന്‍സലന്‍, ജില്ലാ കലക്ടര്‍ നവ്ജോത് ഖോസ, നാഷണല്‍ ഹൈവേ ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മീറ്റിങ്ങില്‍ റവന്യൂ മന്ത്രി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതല്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആര്ബിട്രേഷന് നടപടികള്‍ ആരംഭിക്കുന്നതിനുള്ള ഹിയറിംഗ് തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ് അശോക് കുമാര്‍, ഭാരവാഹികളായ സി വിക്രമന്, ആനന്തകുമാര്‍, പി.വി പ്രവീണ്‍, ശൈലേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.