തിരുവനന്തപുരം: പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രണ്ട് സ്ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഒപ്പമുണ്ടായിരുന്നു.
ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയും വേണ്ട നിര്‍ദേശങ്ങൾ നല്‍കുകയും ചെയ്തു. അത്യാധുനിക സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഡെക്സാ യൂണീറ്റ്, ലാബ്, പൊഡിയാട്രി എന്നിവിടങ്ങളിലെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി.
ദേശീയതലത്തില്‍ ഐസിഎംആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും സംയുക്തമായി പ്രമേഹത്തേയും മറ്റ് ജീവിതശൈലീ രോഗങ്ങേെളയും പറ്റി നടത്തിയ പഠനം മന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. 18 വയസിന് മുകളിലുള്ള 24 ശതമാനത്തിലധികം പേര് പ്രമേഹ രോഗികളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരുന്നതിന് സംസ്ഥാനം പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സര്‍വെ ആരംഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവുറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നെഞ്ച് രോഗാശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍, വാര്‍ഡുകള്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു. കോവിഡ് കാലത്ത് രോഗികള്‍ക്ക് ഏറെ സഹായകരമായ ആശുപത്രിയാണ് പുലയനാര്‍കോട്ട നെഞ്ച് രോഗാശുപത്രിയെന്ന് മന്ത്രി പറഞ്ഞു. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിവിടെയുള്ളത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടര്‍ ഡോ. ജബ്ബാര്‍, നെഞ്ച് രോഗാശുപത്രി സൂപ്രണ്ട് ഡോ. വനജ, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്.എം.ഒ. എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.