വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് ഈ വർഷം തന്നെ കപ്പൽ അടുക്കുമെന്ന് സൂചന. കൂറ്റൻ കപ്പലുകളുൾപ്പെടെയുള്ളവയെ തുറമുഖ ബെർത്തിൽ എത്തിക്കാനുള്ള ആദ്യ പൈലറ്റ് ബോട്ട് ഇന്നലെ വിഴിഞ്ഞത്ത് എത്തിച്ചു. ഈ വർഷം തന്നെ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കും എന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാകാം പൈലറ്റ് ബോട്ട് എത്തിച്ചത്. ഡോൾഫിൻ 41 എന്നു പേരുള്ള ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ശ്രീലങ്കയിൽ നിന്നാണ് ഇന്നലെ രാവിലെയോടെ വിഴിഞ്ഞത്തെ പഴയ വാർഫിൽ എത്തിച്ചത്. ഉൾക്കടലിൽ നിന്നും തീരത്തേക്ക് എത്തുന്ന കപ്പലുകൾക്ക് വഴികാട്ടുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് ചെറുകപ്പൽ സമാനമായ പൈലറ്റ് ബോട്ട് എത്തിയതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ തുറമുഖ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ കയറ്റിയ കപ്പലാണ് ആദ്യം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്നത്. ഇതിന് പൈലറ്റ് നൽകുന്നതിനു കൂടി ഉദ്ദേശിച്ചാണ് വളരെ വേഗം തന്നെ ബോട്ട് ഇവിടെ എത്തിച്ചതെന്ന് അദാനി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു