തിരുവനന്തപുരം: അമ്പലംമുക്ക് കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുൻപ് നഗരത്തിൽ പട്ടാപ്പകൽ മറ്റൊരു അരും കൊല. തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തി. നാഗർകോവിൽ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ ആൾ ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവർത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ദിവങ്ങളുടെ വ്യത്യാസത്തിലാണ് നഗരത്തെ നടുക്കി വീണ്ടും കൊലപാതകം നടക്കുന്നത്.