യുക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. രണ്ടാം സംഘവും അതിർത്തി കടന്നതായാണ് വിവരം. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. മുംബൈയിൽ എത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ 16 മലയാളികൾ ഉണ്ടാവും. നാളെ ഹംഗറിയിലേക്ക് രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യ അയയ്ക്കും. ഇന്ന് റൊമാനിയയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം മാത്രമാകും വിമാനങ്ങൾ പുറപ്പെടുക. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.