തിരുവനന്തപുരം :പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – 2022 പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പോളിയോ പ്രതിരോധ തുള്ളി മരുന്നുകൾ ഉൾപ്പെടെയുള്ള രോഗ പ്രതിരോധ മരുന്നുകൾ കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ടന്നും
കോവിഡ് പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്ത് തുള്ളിമരുന്ന് വിതരണത്തിനായി സുരക്ഷിതമായ സജ്ജീകരണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഞ്ചുവയസിന് താഴെയുള്ള 2,15,504 കുട്ടികൾക്കാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. ഇന്ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി മരുന്ന് നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാൻ, ജില്ല മെഡിക്കൽ ഓഫീസർ എന്നിവരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.