തിരുവനന്തപുരം :തിരുവിതാംകൂറിലെ പ്രധാന ജലപാതയായിരുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍ (എ.വി.എം കനാല്‍) നവീകരിച്ച് സംരക്ഷിക്കാനായി പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഗോള്‍ഡന്‍ കനാല്‍’ പദ്ധതിയുടെ അവലോകനയോഗം ചേര്‍ന്നു. പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കനാലിനെ മാലിന്യമുക്തമാക്കുമെന്നും ,ജില്ലയിലെ പ്രധാന വിനോദസഞ്ചാര ജലപാതയായി കനാലിനെ മാറ്റുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘ദി ലാസ്റ്റ് വില്ലേജ് ഓഫ് കേരള’ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണ് എ.വി.എം കനാലിനെ വിനോദസഞ്ചാര ജല പാതയായി മാറ്റുന്നത്.
1860ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവനന്തപുരത്തെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് നിര്‍മ്മിച്ചതാണ് എ.വി.എം കനാല്‍. തമിഴ്‌നാട്ടിലെ എഴുമാന്തുറ വരെ 11 കിലോമീറ്റര്‍ നീളമുള്ള എ.വി.എം കനാലിനെ 2016ല്‍ ദേശീയ ജലപാത – 13 ആയി അംഗീകരിച്ചു. തീരദേശ മേഖലയായ പൊഴിയൂരിലെ പ്രധാന ജലസ്രോതസ് ആയിരുന്നെങ്കിലും പിന്നീട് മണല്‍കൂനകളും മാലിന്യവും നിറഞ്ഞ് കനാലിന്റെ ഒഴുക്കുനിലച്ചു. കനാലിന്റെ പുനരുജ്ജീവനത്തിനൊപ്പം വിനോദസഞ്ചാര സാധ്യതകളെ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പൊഴിയൂരിലെ പരുത്തിയൂര്‍ മുതല്‍ കൊല്ലംകോട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ‘ഗോള്‍ഡന്‍ കനാല്‍’ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ശുചിത്വ കേരളം, ഹരിത കേരളം മിഷനുകളുടെ സഹായത്തോടെ കനാലിനെ മാലിന്യമുക്തമാക്കും. പുഴയിലേക്കുള്ള മാലിന്യ നിക്ഷേപം എവിടെ നിന്നൊക്കെയാണെന്ന് കണ്ടെത്താന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘പുഴനടത്തം’ സംഘടിപ്പിക്കും. പൊതു ജനങ്ങളെ പങ്കാളികളാക്കി കൊണ്ടുള്ള ഉത്തരവാദിത്ത വിനോദസഞ്ചാര രീതിയാണ് എ.വി.എം കനാലില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കനാലിലൂടെയുള്ള ബോട്ട് സര്‍വീസ്, കടവുകളുടെ നിര്‍മ്മാണം, ഇരുകരകളിലും നവീകരിച്ച നടപ്പാതകള്‍, കുട്ടികളുടെ പാര്‍ക്ക്, പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ അടങ്ങുന്ന പദ്ധതിക്ക് നാല് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനന്‍ ജി., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ എ., ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ തുടങ്ങിയവരും പങ്കെടുത്തു.