തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്കാന് ലക്ഷ്യമിട്ടിരുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പര്‍വൈസര്‍മാരേയും സജ്ജമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂര്‍ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂര്‍ 1,57,072, കാസര്‍ഗോഡ് 96,579 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന് മല്‍ഹാറിനു നല്‍കിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങള്‍ നടന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി പ്രത്യേക ഇടപെടലുകള്‍ നടത്തും.
കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണം.
പോളിയോ ബൂത്തുകള്‍ക്ക് പുറമേ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണ്. പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.