തിരുവനന്തപുരം :യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാ അദാലത്തിൽ 12 പരാതികളിൽ പരിഹാരമായി. കനത്ത മഴയിൽ വീട് തകരുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്ത നെുമങ്ങാട് സ്വദേശിയായ വിദ്യാർത്ഥിനിയ്ക്ക് ചികിത്സാ സഹായം അനുവദിച്ചതായും വീട് നിർമാണത്തിന് നഗരസഭ വിവിധ ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ചതായും നഗരസഭാ സെക്രട്ടറി അദാലത്തിലെത്തി അറിയിച്ചു. കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 21 പരാതികളാണ് ലഭിച്ചത്. 9 പരാതികൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി.
പുതിയതായി നാല് പരാതികളാണ് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള അംഗീകൃത ആരോഗ്യ സർവ്വകലാശാലകളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ, അടിയന്തര പ്രാധാന്യത്തോടെ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകുന്നതിന് സർക്കാർ പരിഗണിക്കായി സമർപ്പിച്ചു. കമ്മീഷൻ അംഗം പി.എ.സമദ്, കമ്മീഷൻ സെക്രട്ടറി ക്ഷിതി വി. ദാസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷീജ.കെ, ലീഗൽ അഡൈ്വസർ അഡ്വ. ജോൺ ചെറിയാൻ എന്നിവരും പങ്കെടുത്തു.