വിഴിഞ്ഞം: ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ (41) ആണ് ഇന്ന് ഉച്ചയോടെ വിഴിഞ്ഞം സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവശേഷം മറ്റ് രണ്ട് പ്രതികൾക്കൊപ്പം കോളിയൂരിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്ന സുധീർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയിരുന്നു. കഴിഞ്ഞ മാസം എട്ടിന് ഒളിസങ്കേതം വളഞ്ഞ വിഴിഞ്ഞം എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം പ്രതിയായ റെജി, നാലാം പ്രതിയായ സജീവ് എന്നിവരെ ഓടിച്ച് പിടികൂടിയിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട സുധീർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് കീഴടങ്ങിയത്.മദ്യപാനത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ മാസം അഞ്ചിനാണ് ഉച്ചക്കട സ്വദേശി സജികുമാർ കുത്തേറ്റ് മരിച്ചത്.