തിരുവനന്തപുരം:ജില്ലയിലെ തീരദേശപരിപാലനവും സുരക്ഷയും ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വിഴിഞ്ഞം തുറമുഖ പ്രദേശത്തെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ഫിഷ് ലാന്റിംഗ് കേന്ദ്രങ്ങളിൽ സി.സി.ടി.വി, ബോട്ട് മോണിറ്ററിംഗ് ലോഗ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദേശം നൽകി.
തീരപ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും. തീരദേശ പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനം, സാഗര ആപിൽ മത്സ്യത്തൊഴിലാളികളുടെ രജിസ്‌ട്രേഷൻ എന്നിവയും യോഗം ചർച്ച ചെയ്തു. ക്രൂ ചേഞ്ചിംഗ് കപ്പലുകളുടെ വരവും പോക്കും പ്രദർശിപ്പിക്കുന്നതിന് ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ഇവയുടെ സഞ്ചാരത്തെ തുടർന്ന് മത്സ്യബന്ധനവലകൾക്ക് കേടുകപാടുകൾ സംഭവിക്കുന്നുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടിക്ക് നിർദേശം നൽകിയത്. കൂടാതെ കടലോര ജാഗ്രത സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് സഫീർ, നേവി ഓഫീസർ ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഡി.സി.പി അങ്കിത് അശോക്, ഇന്റലിജൻസ് ബ്യൂറോ അസ്സിസ്റ്റന്റ് ഡയറക്ടർ എൻ. പ്രകാശ് ബാബു, കോസ്റ്റ് ഗാർഡ് അസിസ്റ്റൻഡ് കമാൻഡന്റ് , ജില്ലാതല പോലീസ് ഉദ്യോഗസ്ഥർ, വിഴിഞ്ഞം തുറമുഖ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.