ആറ്റിങ്ങൽ: മാമം പാലമൂട്ടിൽ ഓഡിറ്റോറിയത്തിന് സമീപം ബൈക്കും ലോറിയും അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു . ആറ്റിങ്ങൽ സ്വദേശി അച്ചു എന്ന് വിളിക്കുന്ന വിശാൽ (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആസിഫ്(19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടുപേരും കഴക്കൂട്ടത്തെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ്. ഇന്ന് രാവിലെ 8 അര മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ വന്ന വാഹനവും കൂട്ടി ഇടിക്കുകയും ബൈക്കിന് പിന്നാലെ വന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. ഏകദേശം 10 മീറ്ററോളം ബൈക്കും വലിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ ബൈക്കിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു പിടിച്ചു. ഇതിനിടയിൽ ലോറി ഡ്രൈവർ പെട്ടെന്ന് ഇറങ്ങി ഓടിയെന്ന് നാട്ടുകാർ പറയുന്നു. ആലപ്പുഴ രജിസ്ട്രേഷൻ കാർഗോ ലോറിയാണ് കത്തി നശിച്ചത്. ബൈക്കും പൂർണമായി നശിച്ചു.ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു