പാലോട് : ഫോൺവിളിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സംഭവത്തിൽ കാരണം ഭർത്താവിൻ്റെ ഫോൺ വിളിയെച്ചൊല്ലിയുള്ള തർക്കം കാരണം. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്റെ ഫോൺവിളിയിൽ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുമ്പാണ് ഷിജു ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ദമ്പതിമാർ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുത്തിരുന്നു. രാത്രി 10.30-ഓടെ സൗമ്യ തിരികെ വീട്ടിൽ എത്തിയപ്പോൾ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോൺ ചെയ്യുന്നത് കണ്ടു. തുടർന്ന് ഷിജുവിന്റെ ഫോൺ സൗമ്യ ചോദിച്ചെങ്കിലും ഫോൺ നൽകാൻ ഭർത്താവ് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഫോൺ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
അടുക്കളയുടെ സമീപത്തുണ്ടായിരുന്ന കല്ലും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. തൽക്ഷണം മരിച്ച ഷിജുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, താൻ ഭർത്താവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷിജുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.