തിരുവനന്തപുരം : റോഡുകൾ ടാർ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ചു കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ–പൊതുമരാമത്ത് വകുപ്പുകൾ തീരുമാനിച്ചു. ജനുവരിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ചേർന്ന മന്ത്രിതല യോഗത്തിന്റെ തുടർച്ചയായാണു പുതിയ തീരുമാനം.
പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടൽ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേർന്നുള്ള പ്രവർത്തനം അനിവാര്യമാണെന്നു മന്ത്രിമാർ നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇരുവകുപ്പുകളും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണു പുതിയ നിർദേശങ്ങൾ മുന്നോട്ടു വച്ചത്.
റോഡുകൾ ടാറിങ് പൂർത്തിയാക്കിയതിനു പിന്നാലെ നിർമാണ പ്രവർത്തനത്തിനായി കുത്തിപ്പൊളിക്കുന്നതു പതിവായതിനെ തുടർന്നാണു മന്ത്രിമാർ വിഷയത്തിൽ ഇടപെട്ടത്. തുടർന്നാണ് ഇരു വകുപ്പുകളുടെയും മന്ത്രിമാർ യോഗം ചേർന്നു സമിതി രൂപീകരിച്ചതും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതും. ഇരുവകുപ്പുകളും യോജിച്ചു പ്രവർത്തിക്കുന്നതോടെ പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണു പ്രതീക്ഷിക്കുന്നത്.