അരുവിക്കര : വെമ്പന്നൂർ മണിദ്വീപിനു സമീപം കരമനയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം അച്ചൻകോവിൽ തെമ്പനരുവിയിൽ പരേതനായ ശ്രീകുമാർ-ശ്രീദേവി ദമ്പതികളുടെ മകൻ ശ്രീജിത്തി(29)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം ബൈക്കും ബാഗും ചെരിപ്പും ഉപേക്ഷിച്ചനിലയിൽ മണിദ്വീപിനു സമീപം നാട്ടുകാർ കണ്ടെത്തിയിരുന്നു. അരുവിക്കര പോലീസും നെടുമങ്ങാട് അഗ്നിരക്ഷാ വിഭാഗവും രാത്രി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം തിരച്ചിൽ നിർത്തേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.