ആറ്റിങ്ങൽ:ആറ്റിങ്ങൽ ബൈപാസ് യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ എംപിയും എൽഡിഎഫും തമ്മിലുള്ള അവകാശത്തർക്കവും മുറുകുന്നു. പദ്ധതി നടപ്പിലാകുന്നതിനു പിന്നിൽ തങ്ങളുടെ ശ്രമമാണെന്നാണ് ഇരുവിഭാഗവും പറയുന്നത്. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലുകളാണ് ബൈപാസ് യാഥാർഥ്യമാക്കിയതെന്ന് എൽഡിഎഫ് നേതാക്കൾ അവകാശപ്പെട്ടു. അതേസമയം, ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന കഴക്കൂട്ടം– കടമ്പാട്ടുകോണം ദേശീയപാത വികസനത്തിന് 795 കോടിയുടെ കരാർ നടപടികൾ പൂർത്തിയായെന്നും എംപി ആയ ശേഷം നടത്തിയ ശ്രമങ്ങളുടെ ഫലമായാണു ബൈപാസ് യാഥാർഥ്യമായതെന്നും അടൂർ പ്രകാശ് എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കഴക്കൂട്ടം– മുതൽ കടമ്പാട്ടുകോണം വരെയുള്ള 29.83 കിലോമീറ്റർ റോഡിന്റെ വികസനം സംബന്ധിച്ചാണ് ഇരുകൂട്ടരും അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. എൽഡിഎഫ് നടത്തിയ പത്ര സമ്മേളനത്തിൽ എം എൽ എ മാരായ വി.ശശി, ഒ എസ് അംബിക, മുൻ എം എൽ എ ബി.സത്യൻ, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. 2016 ൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് 526 കിലോമീറ്റർ ദൈർഘ്യത്തിൽ ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടെ കഴക്കൂട്ടം മുതൽ കാസർകോടു വരെ 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കാനുള്ള നടപടികൾ വേഗത്തിലായതെന്നാണ് എൽ ഡി എഫിന്റെ വാദം