ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന് പരിസമാപ്തി. വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രത്തിന് പിറകുവശത്തെ ചുട്ടികുത്തുപുരയിൽ നിന്ന് സർവാഭരണ വിഭൂഷിതയായ ദേവിയും പരിവാരങ്ങളും തെക്കേ നടയിലെത്തി. വാളുമായി ഭദ്ര പടക്കളത്തിലിറങ്ങിയതോടെ പതിനൊന്ന് കതിനകൾ മുഴങ്ങി. പോർക്കളത്തിൽ മൂന്നു വലയം വച്ച ഭദ്രകാളിയെ വെറ്റിലകൾ എറിഞ്ഞ് ഭക്തജനങ്ങൾ എതിരേറ്റു. തുടർന്നങ്ങോട്ട് ദാരികനുമായി അത്യുഗ്ര പോരാട്ടം. പോരാട്ടത്തിനിടയ്ക്ക് വിശ്രമിക്കാനായി പടക്കളത്തിന്റെ തെക്ക് -വടക്ക് ഭാഗങ്ങളിൽ പറണുകൾ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. 42 കോൽ പൊക്കത്തിൽ തെങ്ങിൻ തടികൾ നാലെണ്ണം നിറുത്തി അതിന്റെ മുകളിലെ തട്ടിലാണ് കാളിയുടെ ഇരിപ്പ്. തെക്ക് വശത്ത് 27 കോൽ പൊക്കത്തിൽ നാലു കമുകിൻ തടികൾ നിറുത്തി കെട്ടിയുണ്ടാക്കിയ തട്ടാണ് ദാരികന്. യുദ്ധത്തിനിടയിൽ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെടുന്നു. മോഹാലസ്യം തീർക്കാൻ ദേവി പറണിൽ വിശ്രമിക്കുന്നു. അപ്പോൾ ദുർഗാദേവി പ്രത്യക്ഷപ്പെട്ട് ദാരികന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നു. ദാരികശക്തിയുടെ ഉറവിടമായ മന്ത്രം രാക്ഷസപത്നിയിൽ നിന്ന് മനസിലാക്കിയാൽ വിജയം സുനിശ്ചിതമെന്ന തിരിച്ചറിവിൽ ഭദ്രകാളി അതിനായി പുറപ്പെടുകയാണ്. ഈ സങ്കല്പത്തിൽ വീണ്ടും ക്ഷേത്രത്തിലെത്തി തീർത്ഥവും പ്രസാദവും വാങ്ങി വർദ്ധിത വീര്യത്തോടെ വീണ്ടും പോർക്കളത്തിലേക്ക്. പിന്നെ ദാരിക നിഗ്രഹത്തിന് കാലതാമസം വന്നില്ല. ദാരികവധം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് നിർവഹിച്ചത്. തുടർന്ന് കുരുതിക്കുശേഷം വിളക്കെഴുന്നള്ളിപ്പ് നടന്നു. ഏഴു വലയം വിളക്കെഴുന്നളളിപ്പ് കഴിഞ്ഞ് തുള്ളൽപ്പുരയിലെത്തി മുടിയിറക്കി. മുടിത്താളം തുള്ളിയ ദേവിയെ പിതാവായ പരമശിവൻ ഉപദേശിച്ച് ശാന്തസ്വരൂപിണിയാക്കുന്നു. കലശത്തിൽ കെട്ടിവച്ചിരുന്ന വിത്തെടുത്ത് ദേവിയുടെ മുടിയിൽ വിതറി സ്ഥാനികളുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ മുടിയിറക്കുന്നതോടെ കാളിയൂട്ടിന് തിരശ്ശീല വീണു.