മലയിൻകീഴ്: സഹോദരങ്ങൾ മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മാറനല്ലൂർ ചീനിവിള കുളപ്പള്ളിവിളാകം വൈഷ്ണവം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി സഹജ്മാൽ ഷേഖാണ് (34) മരിച്ചത്. ഇന്നലെ പുലർച്ചെ 1.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹജ്മാലിന് ക്രൂരമായി മർദ്ദനമേറ്റത്. സമീപവാസികളായ കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടിൽ ഉദയകുമാർ (48), സഹോദരി ബിന്ദുലേഖ (42) എന്നിവരാണ് ഇയാളെ മർദ്ദിച്ചത്. സഹജ്മാൽ ഷേഖിന്റെ ഭാര്യയെ ഉദയകുമാർ കടന്നുപിടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഉദയകുമാറും സഹജ്മാൽ ഷേഖും തമ്മിൽ കൈയാങ്കളി നടക്കുന്നതിനിടെ തറയിൽവീണ ഉദയകുമാറിന്റെ കഴുത്തിൽ സഹജ്മാൽ ശക്തിയായി അമർത്തിപ്പിടിച്ചതോടെ ഇതു കണ്ടുനിന്ന ഇന്ദുലേഖ റബർ തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തലയോട്ടി തകർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഉദയകുമാറിനെയും ബിന്ദുലേഖയെയും മാറനല്ലൂർ പൊലീസ് അറസ്റ്റുചെയ്ത ശേഷം റിമാൻഡ് ചെയ്തിരുന്നു. ഉദയകുമാർ സ്ഥിരം മദ്യപാനിയാണെന്നും സഹജ്മാലിന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു