തിരുവനന്തപുരം: നഗരത്തിലെ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോടിന്റെ നവീകരണവും ഇഴയുന്നു. തോട് നവീകരിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇപ്പോഴും തോട്ടിൽ മാലിന്യം നിക്ഷേപം രൂക്ഷമാണ്. കഴിഞ്ഞ ജൂലായിലാണ് ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതും തോടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും. തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരമാണ്. വേനൽക്കാലത്ത് തോട്ടിൽ ഒഴുക്ക് നിലച്ചാൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കേരള ജലവകുപ്പിന്റെ ഒബ്സർവേറ്റർ ഹില്ലിൽ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലിൽ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ്. കോർപ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാൻ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും മറുവശത്ത് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതും വർദ്ധിക്കുകയാണ്.