തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീൺ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീൺ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തൽ.
മൂന്നു ദിവസം മുൻപാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടിൽ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയിൽ വച്ച് പ്രവീൺ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തിൽ സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.