തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന നാഗർകോവിൽ കോട്ടാർ ചെട്ടിയാർതെരുവ് സ്വദേശി അയ്യപ്പനെ (34) കൊലപ്പെടുത്തിയ കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങി. കൊലപാതകത്തിനുശേഷം പ്രതി അജീഷ് നഗരത്തിൽ നിന്ന് നെടുമങ്ങാട്ടേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് നെടുമങ്ങാട് വാളിക്കോടിന് സമീപം തോട്ടുമുക്കിൽ നിന്ന് പൊലീസ് കണ്ടെത്തി. യാത്രാമദ്ധ്യേ പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ച അജേഷിനെ കല്ലിയോട് ആനായിക്കോണം പാലത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തും പാലത്തിന് സമീപത്തും അജീഷിനെയെത്തിച്ച് തെളിവെടുത്ത പൊലീസ് സംഘം ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനായിക്കോണത്ത് നടത്തിയ തെരച്ചിലിലാണ് കൊലപാതക സമയത്ത് ധരിച്ചിരുന്ന രണ്ട് ചെരുപ്പുകളും കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി ഇയാളിൽ നിന്ന് അറസ്റ്റിലായപ്പോൾ തന്നെ കണ്ടെത്തിയിരുന്നു