‘മലയോര ഹൈവേ പൂർത്തിയാകുന്ന ആദ്യ ജില്ല തിരുവനന്തപുരമാകും’

IMG_09032022_084411_(1200_x_628_pixel)

നന്ദിയോട് :സംസ്ഥാനത്ത് മലയോര ഹൈവേ പദ്ധതി പൂർത്തിയാകുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നന്ദിയോട് – ചെറ്റച്ചല്‍, പുലിപ്പാറ – ആനാട് – മൊട്ടക്കാവ് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ പദ്ധതിയുടെ കീഴിൽ ജില്ലയിലെ 57.37 കിലോമീറ്റർ റോഡാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്.ഇതിൽ 24.58 കി.മീ പണി പൂർത്തിയായി. ബാക്കിയുള്ള നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

നഗര – ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവൻ റോഡുകളും ആധുനിക രീതിയിൽ നവീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. റോഡുകളുടെ പരിപാലന കാലാവധി രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്ന ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് ‘ എന്ന പദ്ധതി സംസ്ഥാനത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രവർത്തികൾ സുതാര്യമാക്കിയും ഗുണമേൻമ ഉറപ്പുവരുത്തിയും റോഡുകൾക്കൊപ്പം ആളുകൾക്ക് തൊഴിൽ കൂടി ലഭ്യമാക്കുന്ന തരത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാമനപുരം,നെടുമങ്ങാട് മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നെടുമങ്ങാട് മുനിപ്പാലിറ്റി, ആ നാട്, പനവൂർ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പുലിപ്പാറ- ആനാട് – മൊട്ടക്കാവ് റോഡിൻ്റെ ഉദ്ഘാടനം ആനാട് ബാങ്ക് ജംഗ്ഷനിലാണ് നടന്നത്. പരിപാടിയിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സർക്കാരിൻ്റെ വൻകിട പദ്ധതികളെല്ലാം യാഥാർത്ഥ്യമാകുമെന്നും ജി.ആർ.അനിൽ പറഞ്ഞു. 5.6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബഡ്ജറ്റ് ഫണ്ടിൽ നിന്നും 6 കോടി രൂപ ചെലവഴിച്ച് 5.5 മീറ്റർ വീതിയിലാണ് നവീകരിച്ചത്.

നന്ദിയോട് ചെറ്റച്ചൽ റോഡിൻ്റെ ഉദ്ഘാടനം നന്ദിയോട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിലാണ് മന്ത്രി നിർവഹിച്ചത്. ഡി. കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നന്ദിയോട് വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ റോഡ് ബി.എം, ബി.സി നിലവാരത്തിലുള്ളതാണ്. ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്ക്,നടപ്പാത, ഓട എന്നിവയുള്‍പ്പെടെ 7 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചത്.സര്‍ക്കാരിന്റെ ബഡ്ജറ്റ് ഫണ്ടില്‍ നിന്നും 9.68 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. പാലോട് നന്ദിയോട് പ്രദേശങ്ങളെ പൊന്മുടി, വിതുര, തൊളിക്കോട് മേഖലകളുമായി ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular