തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ തീപ്പൊരി കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ വീണു. തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീ വീട്ടിനുള്ളിലേക്ക് പടര്‍ന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം അട്ടിമറി സാധ്യത വീണ്ടും പൊലീസ് തള്ളി.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന് (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന് അഹില്‍ (29), മകന് നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന് റയാന് (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയില്‍ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം.നിഹുല്‍(32) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഹുലിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു