വനിതാ സ്വയംപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നടപടി; ഡി.ജി.പി

IMG-20220310-WA0011

കഴക്കൂട്ടം:പോലീസിൽ നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ജില്ലകളിൽ വനിതാ സ്വയം പ്രതിരോധ പരിശീലനപദ്ധതിയുടെ മുഖ്യപരിശീലകരായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം മേനംകുളത്തെ വനിതാ ബറ്റാലിയന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷ, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത്തരം സുരക്ഷാ പരിശീലന പദ്ധതികൾ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നടപ്പിലാക്കേണ്ടത് പോലീസിന്‍റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

 

എല്ലാ പോലീസ് ജില്ലകളില്‍നിന്നുമായി മാസ്റ്റര്‍ ട്രെയിനര്‍മാരായ 80 ഓളം വനിതാപോലീസ് ഉദ്യോഗസ്ഥരാണ് മൂന്നു ദിവസത്തെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. സ്വയം പ്രതിരോധപരിശീലനത്തിന്‍റെ നിലവിലുള്ള പാഠ്യപദ്ധതിക്കൊപ്പം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുളള ക്ലാസുകളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതിനുപുറമെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ, സ്വയം പ്രതിരോധത്തിന്‍റെ മന:ശാസ്ത്രപരമായ വശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം നേടുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.

 

തയ്കൊണ്ടോ ഇന്‍സ്ട്രക്ടര്‍ എസ്. മധുസൂദനന്‍, കരാട്ടേ പരിശീലകൻ ജി.ജ്യോതിനാഥ്, ജൂഡോ പരിശീലകന്‍ സനോഫര്‍.എസ്.എസ്, പെന്‍റക് സിലറ്റ് കോച്ച് ജുവാന്‍ സിറില്‍ ഗോമസ്, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരാണ് ശില്‍പ്പശാലയിൽ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ കൂടിയായ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി, പോലീസ് ആസ്ഥാനത്തെ എസ്.പി മെറിൻ ജോസഫ്, സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടറും പദ്ധതിയുടെ അസിസ്റ്റന്റ് നോഡൽ ഓഫീസറുമായ വി പി പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

 

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് കേരളാ പോലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ലക്ഷ്യം. അക്രമിയെ കീഴ്പ്പെടുത്തുകയല്ല മറിച്ച് അയാളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള പരിശീലനമാണ് വനിതാ പോലീസുകാര്‍ക്ക് നല്‍കുന്നത്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പരിശീലനം ആവശ്യമുള്ളവർക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular