തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാൻ എത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരിൽ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്കിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണത്തിലേക്ക് വിരൽചൂണ്ടുന്നത്.
