തിരുവനന്തപുരം : കസ്റ്റംസ്, ഇൻകംടാക്സ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വിളപ്പിൽശാല സ്വദേശിനിയെ ഭീഷണിപ്പെടുത്തി 62 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത നൈജീരിയൻ തട്ടിപ്പ് സംഘത്തിലെ യുവതി പൊലീസ് പിടിയിലായി. പുനെ സ്വദേശിനി മലെയ്ക മാർഷൽ ഫ്രാൻസി സി(35)നെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി പ്രമുഖർ ഏൽപ്പിച്ച കോടികൾ യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചെന്ന് കാണിച്ച ശേഷം നികുതി അടയ്ക്കണമെന്ന് പറഞ്ഞാണ് പണം തട്ടിയത്. സംഘത്തിലെ പ്രധാനി നൈജീരിയൻ സ്വദേശി മാർക്കാണ് സൂത്രധാരൻ.യുവതി തട്ടിയെടുത്ത 24 ലക്ഷം രൂപയിൽ 14 ലക്ഷം രൂപ മാർക്കിന് കൈമാറിയെന്നും 10 ലക്ഷം താനെടുത്തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പുനെയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020ലായിരുന്നു തട്ടിപ്പ്.