തിരുവനന്തപുരം: 26 ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്യും.
ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി 5.30ന് ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിക്കും. അക്കോര്‍ഡിയന്‍ വാദകന്‍ സൂരജ് സാഥേ സംഗീതപരിപാടിക്ക് അകമ്പടി സേവിക്കും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ തിയേറ്ററുടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് മേളയ്ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.