തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ച വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരേ ദിവസം അപകടത്തിൽ പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രണ്ട് അജ്ഞാത രോഗികളാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെക്കുറിച്ച് ആശുപതി അധികൃതർ നൽകുന്ന വിശദീകരണമിങ്ങനെയാണ്. 11.03.2022 5.21ന് കരമന ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ അജ്ഞാതനായ രോഗിയെ മെഡിക്കല്‍ കോളേജ് ബേണ്‍സ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നേദിവസം 5.11ന് മലയിന്‍കീഴുണ്ടായ വാഹനാപകടത്തില്‍ മറ്റൊരു തിരിച്ചറിയാത്ത രോഗിയെ സര്‍ജിക്കല്‍ ഐസിയുവിലും പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലിരിക്കെ ബേണ്‍സ് ഐസിയുവില്‍ കിടന്ന രോഗി തൊട്ടടുത്ത ദിവസം മരിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഇന്‍റിമേഷന്‍ നല്‍കി. ഇതുപ്രകാരം മലയിന്‍കീഴ് പൊലീസ് ബന്ധുക്കളുമായി എത്തി മൃതദേഹം പരിശോധിച്ച് ഒറ്റശേഖരമംഗലം സ്വദേശി ലാല്‍മോഹന്‍ (34) എന്നയാളാണെന്ന് സ്ഥിരീകരിക്കുകയും മലയിന്‍കീഴ് പൊലീസിന്‍റെ അപേക്ഷ പ്രകാരം മൃതദേഹം ഇന്‍ക്വസ്റ്റിനായി 12.03.2022-ല്‍ മൃതദേഹം വിട്ടുനല്‍കി. ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ഫോറന്‍സിക് വിഭാഗം മലയിന്‍കീഴ് പൊലീസിന് തന്നെ തിരികെ ഏല്പിക്കുകയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്കാരച്ചടങ്ങുകളും നടത്തി.
അതേദിവസം അഡ്മിറ്റ് ചെയ്ത രണ്ടാമത്തെയാള്‍ 16.03.2022-ല്‍ സര്‍ജിക്കല്‍ ഐസിയുവില്‍ മരണപ്പെടുകയും മെഡിക്കല്‍ കോളേജ് പൊലീസിന് ഇന്‍റിമേഷന്‍ നല്‍കുകയും ചെയ്തു. മരിച്ചത് നരുമാമൂട് സ്വദേശി ബാബുവാകാമെന്ന സംശയത്താന്‍ നേമം പൊലീസും ബന്ധുക്കളും മോര്‍ച്ചറിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മരണപ്പെട്ടത് ബാബുവല്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ 12.03.2022-ല്‍ മരണപ്പെട്ടയാള്‍ നരുവാമൂട് സ്വദേശി ബാബു (55) ആണെന്നും ഒറ്റശേഖരമംഗലം സ്വദേശി ലാല്‍മോഹന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് ബാബുവിന്‍റെ മൃതദേഹമാണ് ലാല്‍മോഹന്‍റെ ബന്ധുക്കള്‍ കൊണ്ടുപോയതെന്ന് മനസിലാക്കുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ പറഞ്ഞിട്ടുള്ള പ്രകാരം മൃതദേഹത്തിന് 34 വയസല്ല, 50 വയസിനുമുകളില്‍ പ്രായമുണ്ടെന്ന് ബന്ധുക്കളെന്നുപറഞ്ഞുവന്നവരോട് പലപ്രാവശ്യം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുകയും ഈ വിവരം പോസ്റ്റുമോര്‍ട്ടം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയതായും പറയുന്നു. അപ്പോഴും ലാല്‍മോഹന്‍ എന്ന രോഗി സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ലാല്‍മോഹന്‍ 16.03.2022-ലാണ് മരണപ്പെട്ടത്. വീണ്ടും മലയിന്‍കീഴ് പൊലീസ് അപേക്ഷ നല്‍കിയപ്രകാരം 17.03.2022-ല്‍ മൃതദേഹം ഇന്‍ക്വസ്റ്റിനായി വിട്ടുനല്‍കുകയും പോസ്റ്റുമോര്‍ട്ടം നടത്തി പൊലീസ് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. പേരോ മേല്‍വിലാസമോ തിരിച്ചറിയാത്ത രണ്ടുമൃതദേഹങ്ങളും മലയിന്‍കീഴ് പൊലീസാണ് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. തികച്ചും ബന്ധുക്കൾ തിരിച്ചറിഞ്ഞതിലുള്ള പിശക് മാത്രമാണ് സംഭവിച്ചത്. ആയതിനാല്‍ ഈ വിഷയത്തില്‍ മെഡിക്കല്‍ കോളേജിനും ഫോറന്‍സിക് വിഭാഗത്തിനും വീഴ്ചസംഭവിച്ചിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.