വിതുര: ഭർത്താവ് ഉപദ്രവിക്കുന്നതായി ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കവറുകളിൽ വളർത്തിയ കഞ്ചാവ് ചെടികൾ. പോലീസെത്തിയതോടെ ഭർത്താവ് സ്ഥലംവിട്ടെങ്കിലും തിരികെത്തിയപ്പോൾ പോലീസ് പിടികൂടി.വിതുര തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷ ഭവനിൽ മനോജിനെ(32)യാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം വീട്ടിലെത്തി നിരന്തരം തന്നെ മർദിക്കുന്നതായി ഭാര്യ നേരത്തെ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണത്തിന് വന്നപ്പോൾ മനോജ് ഓടി രക്ഷപ്പെട്ടു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം മടങ്ങിയെത്തി എന്ന വിവരം ലഭിച്ച പോലീസ് വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുധീഷ്, സി.പി.ഒ.മാരായ ഷിബു, ശ്രീലാൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
