തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഇന്നുമുതൽ പുതിയ ഇടയൻ നയിക്കും. ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പിൻഗാമിയായി ഡോ. തോമസ് ജെ.നെറ്റോ ഇന്ന് അതിരൂപതാ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹിതനാകും. വൈകിട്ട് 4.45ന് ചെറു വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലാണ് മെത്രാഭിഷേക ചടങ്ങുകൾ. അതിരൂപത അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാർമ്മികനാകുന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾഡ് ജിറെല്ലി സന്ദേശം നൽകും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമ്മികരാകും. സീറോ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നൽകും. വിവിധ രൂപതാദ്ധ്യക്ഷന്മാരും മുന്നൂറിലധികം വൈദികരും ചടങ്ങിൽ പങ്കെടുക്കും
