കുളത്തൂർ: കഴക്കൂട്ടത്തെ എസ്.എഫ്.എസ് ഫ്ലാറ്റിൽ വൻ ലഹരി വേട്ട. ഹാഷിഷ് ഓയിലും എം.ഡി.എം.എയും ഉൾപ്പെടെ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ കുളത്തൂർ കല്ലിംഗൽ ഹരി നിവാസിൽ അരുൺ ദാസ് (35) പിടിയിലായി. സംഘത്തിലെ പ്രധാന പ്രതി അൻസിൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ലഹരി കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കൾ കണ്ടെടുത്തത്. നെതർലാൻഡിൽ നിന്നെത്തിച്ച പാഴ്സലിലാണ് ലഹരി കടത്തിയത്. ഒരു മാസം ഒന്നിലേറെ തവണയാണ് പാഴ്സൽ എത്തിച്ചിരുന്നത്.
എട്ടുമാസമായി ഇതേ രീതിയിൽ പാഴ്സൽ വരുത്തുകയായിരുന്നു. ടെക്നോപാർക്കിലും വിവിധ ഫ്ലാറ്റുകളിലും ചില്ലറ വില്പന നടത്തിവരികയായിരുന്നു സംഘം.സംഘത്തിലെ മറ്റ് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലഹരി കടത്തും വില്പനയും നടത്തുന്ന ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇൻസ്പെക്ടർ എ. മുഹമ്മദ് റാഫി പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റീവ് ഓഫീസർ ബി. സന്തോഷ് കുമാർ ദേവലാൽ, സി.ഇ.ഒമാരായ രാകേഷ്, റഹീം, ഹരികൃഷ്ണൻ, ഡ്രൈവർ കബിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്