വിതുര: കഴിഞ്ഞ ദിവസം വിതുരയിൽ നാലംഗ കള്ളനോട്ട് സംഘത്തെ പിടികൂടിയ സംഭവത്തിൽ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പൊന്മുടിക്ക് പുറമേ ജില്ലയിലെ മറ്റ് ചില സ്ഥലങ്ങളിലും കള്ളനോട്ടെത്തിച്ചെന്നാണ് വിവരം. പൊന്മുടി, കുളച്ചിക്കര എസ്റ്റേറ്റ് മേഖലയിൽ താമസിക്കുന്ന സനു (30), കുട്ടപ്പൻ (61), രമേശൻ (42), തങ്കയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 40,500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പൊന്മുടിയിൽ കള്ളനോട്ട് എത്തിച്ച തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മുത്തു വിതുരയിൽ വന്നുപോകാറുണ്ടെന്നാണ് വിവരം.കള്ളനോട്ട് സംഘത്തെ പിടികൂടുന്നതിനായി വിതുര എസ്.ഐ എസ്.എൽ. സുധീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് സി.ഐ എസ്. ശ്രീജിത്ത് അറിയിച്ചു.