തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പിൽ നിന്ന് ചാടിയ ആൾ മരിച്ചു. പൂന്തുറ പൊലീസിന്റെ ജീപ്പിൽ നിന്ന് ചാടി പരിക്കേറ്റ സനോഫറാണ് ചികിത്സയിലിരിക്കെ ഇന്ന് ആശുപത്രിയിൽ വച്ച് മരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശിയാണ് മരിച്ച സനോഫർ. കുടുംബ കലഹവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് പോകുന്നതിനിടയിലാണ് ഇയാൾ ജീപ്പിൽ നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. നാല് ദിവസമായി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.