തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് ജീപ്പിൽ നിന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി സനോഫർ മരിച്ച സംഭവത്തിൽ എഫ്.ഐ.ആറും അനുബന്ധ വിവരങ്ങളും സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി.എഫ്.ഐ.ആർ പരിശോധനയ്ക്കും തുടർ അന്വേഷണത്തിനും ശേഷമാകും പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകൂ. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ജില്ലാ ക്രൈബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ സംഭവത്തിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ജില്ലാ ക്രൈബ്രാഞ്ച് ഇന്നും നാളെയുമായി വീട്ടുകാരുടെയും പൊലീസിന്റെയും മൊഴി രേഖപ്പെടുത്തും. തലച്ചോറിലെ പൊട്ടലാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. എന്നാൽ പൊലീസ് സനോഫറിനെ മർദ്ദിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.