തിരുവനന്തപുരം :സംസ്ഥാനത്ത് നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ പാല്‍ വില വര്‍ധിപ്പിച്ചാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ പാല്‍ കേരളത്തിലേക്ക് ഒഴുകിയെത്തും. ഇത് കേരളത്തിലെ ക്ഷീരകര്‍ഷകരെ സാരമായി ബാധിക്കും. ക്ഷീര കര്‍ഷകര്‍ കൂടി ആവശ്യപ്പെട്ടതനുസരിച്ച് പാലിന് വില വര്‍ധിപ്പിക്കുന്നതിന് പകരം കാലിത്തീറ്റയുടെ വില നിയന്ത്രിക്കാനും കാലിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കേരളത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ ആഘാതങ്ങളെ അതിജീവിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിച്ചു. കോവിഡ് കാലത്ത് സംഭരിക്കാനാവാതെ അധികം വന്ന പാല്‍ ഒഴുക്കിക്കളയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ 59 കോടി രൂപ ചെലവില്‍ കേരളത്തിലെ ആദ്യ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് മലപ്പുറത്ത് ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ കന്നുകാലികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കൂടുതല്‍ ഷെഡുകള്‍ നിര്‍മ്മിക്കും. കന്നുകാലികള്‍ക്ക് ആവശ്യമായ പച്ചപ്പുല്ല് വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് 16,000 രൂപയുടെ സബ്സിഡി അനുവദിക്കും. രാത്രികാലങ്ങളില്‍ വെറ്റിനറി ആശുപത്രി, ആംബുലന്‍സ് എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക് അടിസ്ഥാനത്തില്‍ ടെലി വെറ്റിനറി യൂണിറ്റുകള്‍ ആരംഭിക്കും. കുളമ്പുരോഗ വാക്സിനേഷന്‍, കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവ വ്യാപിപ്പിച്ചത് കര്‍ഷകര്‍ക്ക് ഏറെ സഹായകമായെന്നും മന്ത്രി പറഞ്ഞു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരവികസന വകുപ്പ്, വര്‍ക്കല മുന്‍സിപ്പാലിറ്റി, മില്‍മ, കേരള ഫീഡ്സ്, വിവിധ ക്ഷീരസഹകരണ സംഘങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ബ്ലോക്ക് തല ക്ഷീരസംഗമം സംഘടിപ്പിച്ചത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദനം, സംഭരണം, പച്ചപ്പുല്‍ കൃഷി എന്നിവ നടത്തിയ കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും സംഗമത്തില്‍ ആദരിച്ചു. ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ. എം. ലാല്‍ജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കന്നുകാലികള്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍ തുടങ്ങിയ പരിപാടികളും സംഗമത്തോടനുബന്ധിച്ച് നടന്നു.