തിരുവനന്തപുരം: സിൽവർ ലൈൻ കെ റെയിൽ പദ്ധതിക്കെതിരെ അന്താരാഷ്ട്രചലച്ചിത്രവേദിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പ്രധാനവേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യമെഴുതിയ ബാനറിൽ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി പതിപ്പിച്ചു. ലോകത്തെ പല പ്രതിഷേധങ്ങളും സിനിമകളിലൂടെയാണ് അടയാളപ്പെട്ടതെന്നും അതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരം രാജ്യ വിരുദ്ധ സമരമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണ്. ക്രിയാത്മക പ്രതിഷേധമാണ് ഐഎഫ്എഫ് കെ വേദിയിൽ നടന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു.