വർക്കല:വർക്കലയിലെ ഒരു സ്വകര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു. ഉത്തർ പ്രദേശിലെ ലക്‌നൗ സ്വദേശിനി വിദ്യ രാഘവൻ (59) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരമണിയോടെ വർക്കല സൗത്ത് ക്ലിഫിലെ എലിക്സർ ബീച്ച് റിസോർട്ടിൽ ആണ് സംഭവം. വർക്കല കുരയ്‌ക്കണ്ണി വലിയവീട്ടിൽ ദേവി ക്ഷേത്രത്തിന് സമീപം ദേവപ്രജ വില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ. പതിവായി ഇവർ പെരുംകുളം സൗത്ത് ക്ലിഫിലുള്ള എലിക്സർ ബീച്ച് റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനായി എത്താറുണ്ട്. ഇന്ന് വൈകുന്നേരവും 3.30 ഓടെ റിസോർട്ടിൽ എത്തിയ ഇവർ നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്വിമ്മിങ് പൂളിൽ 6 അടിയോളം താഴ്ച്ച ഉള്ള ഭാഗത്താണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ റിസോർട്ട് അധികൃതർ പ്രാഥമിക ശ്രിശ്രുഷ നൽകിയശേഷം വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് ആസ്ട്രേലിയൻ പൗരത്വം ഉള്ളതായും ബന്ധുക്കളെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.