തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ് , എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്.
ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനത്തിനും ബുധനാഴ്ച വേദിയാകും . ഇനെസ് മരിയ ബരിയോന്യുവോയുടെ സ്പാനിഷ് ചിത്രമായ കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, അൻറ്റൊണെറ്റാ കുസിജനോവിചിന്റെ ക്രോയേഷ്യൻ ചിത്രമായ മുറിന, നതാലി അൽവാരെസ് മെസെൻന്റെ ക്ലാര സോള, റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, വിനോദ് രാജിന്റെ കൂഴങ്കൽ എന്നീ മത്സര ചിത്രങ്ങളുടെ മേളയിൽ അവസാന പ്രദർശനവും ഇന്നാണ് . മലയാള ചിത്രങ്ങളായ ബനേർഘട്ട ,നായാട്ട് ,അവനവിലോന ,വുമൺ വിത്ത് എ മൂവീ ക്യാമറ ,സണ്ണി എന്നീ മലയാളച്ചിത്രങ്ങളും നാളെ (ബുധൻ)പ്രദർശിപ്പിക്കും.