തിരുവനന്തപുരം:രക്തദാനം സുഗമമാക്കുന്നതിനായി പോലീസ് മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ലഭ്യമാക്കിയ പോല്‍-ബ്ലഡ് എന്ന സംവിധാനത്തിന്‍റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ ആശുപത്രിയിലാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരിക്കുന്നത്.
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രക്തം ആവശ്യമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിന്‍റെ ചുമതല. പോല്‍-ബ്ലഡ് സംവിധാനത്തിലൂടെ 5,928 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 11,391 യൂണിറ്റ് രക്തം ആവശ്യപ്പെട്ടതില്‍ 9,780 യൂണിറ്റും ഇതുവഴി ലഭ്യമാക്കാന്‍ കഴിഞ്ഞു.
എ.ഡി.ജി.പി കെ.പത്മകുമാര്‍ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. എ.ഡി.ജി.പിമാരായ യോഗേഷ് ഗുപ്ത, വിജയ് സാഖറെ, ഐ.ജി പി. പ്രകാശ്, എസ്.പിമാരായ ഡോ. ദിവ്യ വി. ഗോപിനാഥ്, ഡോ. നവനീത് ശര്‍മ്മ, എസ്.എ.പി കമാണ്ടന്‍റ് ബി. അജിത് കുമാര്‍, എസ്.എ.പി ആശുപത്രിയിലെ ഡോ. ഹരികൃഷ്ണന്‍, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ സിനു കടകമ്പള്ളി എന്നിവരും പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.