തിരുവനന്തപുരം : കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ. കുറ്റിച്ചൽ സ്വദേശി എസ്.നിഖിലാണ് പിടിയിലായത്. കൂട്ടാളിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവൺമെന്റ് എച്ച്.എസ്.എസിന് മുൻപിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ ബസിൽ വന്നിറങ്ങിയ നിഖിലിനെ ഒരു കൂട്ടം വിദ്യാർഥികൾ കളിയാക്കിയതിനെ തുടർന്ന് വാക്കേറ്റമായി. ഇതിനിടെ, വിദ്യാർഥികളിൽ ഒരാളെ നിഖിൽ മർദ്ദിച്ചതോടെ മറ്റ് വിദ്യാർഥികൾ നിഖിലിനെ കൈയ്യേറ്റം ചെയ്തു. ഇതിൽ പ്രകോപിതനായ നിഖിൽ സുഹൃത്തായ അൽസാജിനൊപ്പം ബൈക്കിൽ തിരികെയെത്തി വിദ്യാർഥികൾക്ക് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. ലക്ഷ്യം തെറ്റി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തട്ടിയ പെട്രോൾ നിറച്ച കുപ്പി പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. വിദ്യാർഥികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.