തിരുവനന്തപുരം: പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ 42 സമരകേന്ദ്രങ്ങൾ. ഇന്ന് അർദ്ധരാത്രി മുതൽ ചൊവാഴ്‌ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ട് വാഹന പ്രചാരണജാഥകളും 182 കാൽനട പ്രചാരണ ജാഥകളും നടക്കും. അത്യാവശ്യ സർവീസുകൾ, ആശുപത്രി,പത്രം,പാൽ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരത്തിലെ മുഖ്യസമരകേന്ദ്രം പാളയമാണ്. പുളിമൂട്ടിൽ നിന്ന് ജാഥയായി എത്തി നാളെ രാവിലെ 11ന് പണിമുടക്ക് പൊതുയോഗം ആരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. കെ.പി രാജേന്ദ്രൻ,സോണിയ ജോർജ്,നീല ലോഹിതദാസൻ നാടാർ,മാഹീൻ അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 4ന് സർഗോത്സവം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.തൊഴിലാളികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.ചൊവാഴ്‌ച രാവിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിവാദ്യ പ്രസംഗവും കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം 5ന് പാളയത്ത് നിന്നും പ്രകടനമായി ജി.പി.ഒയ്‌ക്ക് മുന്നിലെത്തി സമാപനയോഗം ആരംഭിക്കും.
