ആര്യനാട് : കുടിവെള്ളത്തിനായി ആര്യനാട് ജല അതോറിറ്റി ഓഫീസിൽ ദമ്പതികളുടെ സമരം. പൂവച്ചൽ മുളമൂട് സുരഭി ഭവനിൽ എൻ.വിജയനും (54) ഭാര്യ എ.ഷീലയും ആണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. വീട്ടിൽ പൈപ്പ് കണക്‌ഷൻ എടുത്തിട്ട് 20 വർഷത്തോളം ആയെന്നു വിജയൻ പറഞ്ഞു. രണ്ട് മാസമായി പൈപ്പ് ലൈനിലൂടെ വെള്ളം ലഭിക്കുന്നില്ല. വെള്ളം ഇല്ലാത്തതിനാൽ നാല് ദിവസമായി ആഹാരം പാചകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഷീല പറഞ്ഞു. ഓട്ടോ ഡ്രൈവറായ വിജയൻ ഓട്ടോയിൽ ദൂരസ്ഥലങ്ങളിൽ പോയാണ് ജലം എത്തിക്കുന്നത്. കുടിശിക ഉണ്ടെന്നും അത് അടയ്ക്കണമെന്നും ജീവനക്കാർ അറിയിച്ചതോടെയാണ് ഇന്നലെ രാവിലെ ഇവർ ഓഫിസിൽ എത്തിയത്.
വെള്ളം ലഭിക്കാത്ത വിവരം ഒട്ടേറെ തവണ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും വിജയൻ പറഞ്ഞു. എന്നാൽ ഈ സ്ഥലത്ത് പൈപ്പിലൂടെ ജലം വരുന്നുണ്ടെന്ന് ജീവനക്കാർ അറിയിച്ചതോടെയാണു സമരം തുടങ്ങിയതെന്ന് വിജയൻ പറഞ്ഞു. തുടർന്ന് അസിസ്റ്റന്റ് എൻജിനീയറെ കാണണമെന്നും ആവശ്യപ്പെട്ടു. വൈകിട്ട് 5 ആയതോടെ ജീവനക്കാർ പോയെങ്കിലും ഓഫിസിനുള്ളിൽ വിജയനും ഭാര്യയും സമരം തുടർന്നു. ഒടുവിൽ പൊലീസ് എത്തി അഞ്ച് ദിവസത്തിനുള്ളിൽ വെള്ളം നൽകുമെന്ന് അറിയിച്ചതോടെ വൈകിട്ട് 6.30നാണു സമരം അവസാനിപ്പിച്ചത്