തിരുവനന്തപുരം: പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യം ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനാകും. രാജ് സുബ്രഹ്മണ്യത്തിൽ സ്ഥാനക്കയറ്റത്തെ അഭിനന്ദിച്ച് തിവതന്തപുരം എം പി ശശി തരൂർ ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1987ല്‍ മുംബൈ ഐഐടിയില്‍നിന്നു കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം 1989ല്‍ യുഎസിലെ സെറാക്യൂസ് സര്‍വകലാശാലയില്‍നിന്ന് മാസ്‌റ്റേഴ്‌സും സ്വന്തമാക്കി. തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടി.56 വയസ്സുകാരനായ രാജ് സുബ്രഹ്മണ്യം 1991-ലാണ് ഫെഡക്‌സില്‍ ചേരുന്നത്. ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകള്‍ വഹിച്ചു. പിന്നീട് ചീഫ് മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഓഫിസറായും ഫെഡക്‌സ് എക്‌സ്പ്രസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. 2019ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‍സ് അംഗവുമായി.