തിരുവനന്തപുരം: കെഎസ്ആര്‍ടിസി തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്തിയ സര്‍വീസാണ് സിറ്റി സര്‍ക്കുലര്‍ . ബസില്‍ കയറിയാല്‍ എവിടെയിറങ്ങാനും പത്ത് രൂപ നല്‍കിയാല്‍ മതി. വളരെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയാണ് സിറ്റി സര്‍ക്കുലര്‍. തുടക്കത്തില്‍ വളരെയേറെ അഭിപ്രായം നേടിയ സര്‍വീസ് കൂടിയായിരുന്നു ഇത്.എന്നാല്‍ നാലു മാസം കൊണ്ട് സിറ്റി സര്‍വീസ് വരുത്തിവച്ച നഷ്ടം ഏഴ് കോടി രൂപയാണ്. സര്‍വീസ് തുടങ്ങി മാസമൊന്ന് പിന്നിട്ടപ്പോള്‍ത്തന്നെ ബസില്‍ കയറാന്‍ ആളില്ലാത്ത അവസ്ഥയായി. സര്‍വീസ് ആരംഭിച്ച് മൂന്നുമാസം കൊണ്ട് ലാഭത്തിലാകുമെന്നാണ് ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി സിഎംഡിയും അവകാശപ്പെട്ടിരുന്നത്.
ഡിസംബര്‍ മുതല്‍ ഇതുവരെ ഏകദേശം 7.5 കോടി രൂപയാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. മാത്രമല്ല 66 ബസുകള്‍ പുതുക്കി ഇറക്കിയാണ് സര്‍വീസ് ആരംഭിച്ചത്. ഇതിന്റെ തുക വേറെ. പുതുക്കിയിറക്കാന്‍ ചിലവായത് രണ്ടു കോടി രൂപയാണ്.
