തിരുവനന്തപുരം: വലയിൽ കുടുങ്ങിയ ഡോൾഫിനെ തീരത്തെത്തിച്ച് വിൽപ്പനയ്ക്കായി വെട്ടിമുറിച്ചു. പൂന്തുറ ചേരീയാമുട്ടം കടൽത്തീരത്താണ് ഡോൾഫിനെ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു .പൂന്തുറ സ്വദേശിയുടെ വലയിലാണ് 300 കിലോ തൂക്കമുള്ള ഡോൾഫിൻ കുടുങ്ങിയത്. ഡോൾഫിനെ കരയിലെത്തിച്ച ശേഷം ഇയാൾ വിൽപ്പനയ്ക്കായി കൈമാറി. തുടർന്ന് ഇവർ കടൽത്തീരത്തിട്ട് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൂന്തുറ പോലീസ് ഡോൾഫിനെ വെട്ടിമുറിക്കുന്നത് തടഞ്ഞു.
പോലീസ് വിവരം അറിയിച്ചതനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോൾഫിൻ്റെ ശരീരഭാഗങ്ങൾ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടർ എത്തി ഡോൾഫിൻ്റെ ശരീരഭാഗങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ബോട്ടിൽ നോസ് എന്ന വിഭാഗത്തിലുള്ള ഈ ഡോൾഫിനെ കൊല്ലാനോ മാംസം വിൽക്കാനോ പാടുള്ളതല്ല.
